Tuesday, September 18, 2007

ഒരല്‍പ്പം ജീവിതം?

എന്താണു ജീവിതം?
എങ്ങോട്ടേയ്കാണു നാം നീങ്ങുന്നത്‌.?
എന്താണ്‌ നമ്മുടെ ജീവിത ലക്ഷ്യം.?
ഒരു ജോലി...ഒരു 2 wheeler,നല്ല ഒരു പെണ്‍കുട്ടി,വലിയൊരു വീട്‌..ഇതിനൊക്കെ അപ്പുറം ഒരു ജീവിതം ഇല്ലെ.

മറ്റൊരു ലോകം...
ഈ അഭിനയങ്ങള്‍ക്കും ഈ കാട്ടിക്കൂട്ടലുകള്‍ക്കും അപ്പുറം..?
മറ്റുള്ളവര്‍ നമ്മുടെ ആരാണ്‌.?
നമ്മെ സംബന്ധിച്ച്‌ അവര്‍ എത്രത്തോളം പ്രധാനപ്പെട്ടതാണ്‌.?
സ്വന്തം കാര്യം നടത്തുവാനുള്ള വെറുമൊരു tool എന്നതിനുമുപരി അവര്‍ എത്രത്തോളം നമ്മുടെതാണ്‌.?

ഇത്തരം ചോദ്യങ്ങള്‍ എന്നും എന്റെ ഉള്ളിലുണ്ട്‌...
നിത്യ ജീവിത പ്രശ്നങ്ങളില്‍പ്പെട്ടുഴറുമ്പൊഴും ഉള്ളിലുള്ളില്‍ ഈ ചോദ്യം പരിഹരിക്കാനാവാഞ്ഞ പ്രശ്നമായി, കണ്ണില്‍ നിന്നുമെടുത്തുമാറ്റാന്‍ കഴിയാഞ്ഞൊരു കരടായി നില നില്‍ക്കുന്നു.!!

ഓരോ തവണയും കല്യാണാലോചനകളുമായി ആരെങ്കിലുമൊക്കെ വരുമ്പോള്‍ ഞാന്‍ ഈ ചോദ്യം സ്വയം ചോദിയ്ക്കും....
വീണ്ടും നിസ്സഹായനായി ഞാനിതാ നിത്യ ജീവിതപ്രശ്നങ്ങളില്‍ ഉഴറാന്‍ പോകുന്നു.!
വയ്യ..ഇനി വയ്യ..
ജീവിതം മുഴുവന്‍ അഡ്ജസ്റ്റുമെന്റുകളും അസ്വാതന്ത്ര്യവുമൊക്കെയായി...
ഇത്രയും നാളും ഇതു തന്നെയായിരുന്നില്ലേ....
ആസ്വദിച്ചൊന്നു കളിച്ചിട്ടില്ല...
ആസ്വദിച്ചൊന്നു മഴയത്തു നടന്നിട്ടില്ല.
ഒരാളെയും പ്രേമിച്ചിട്ടില്ല...
എന്തിന്‌...രണ്ടും കല്‍പ്പിച്ചാരോടും വഴക്കിട്ടിട്ടും കൂടിയില്ല.!

എന്നും നിയന്ത്രണങ്ങളായിരുന്നു.എന്നും എന്തെങ്കിലുമൊക്കെ പ്രശ്നങ്ങള്‍.?!
ഒന്നുകില്‍ നാളെ ക്ലാസ്സു കാണും...പിന്നെങ്ങനെ ആസ്വദിച്ചൊന്നു കളിയ്ക്കും...
മഴ നനഞ്ഞാല്‍ പനി വരും എന്നാണു നാട്ടു നടപ്പ്‌.
വൈകുന്നേരം ഒന്നു പുറത്തേയ്ക്കിറങ്ങിയാല്‍ സമാധാനമില്ല...
7-നു മുന്‍പു വീട്ടിലെത്തണം...അല്ലെങ്കില്‍ വീട്ടുകാര്‍ ഭയപ്പെടും.?!

നിലാവുള്ള രാത്രിയില്‍ മലര്‍ന്നു കിടന്ന് ഈ നക്ഷത്രങ്ങളെയും നോക്കി കിടക്കുവാനുള്ള സ്വാതന്ത്ര്യം കൂടിയില്ല നമുക്കൊന്നും.
introvert- എന്നൊക്കെയുള്ള വിളിപ്പേരുകളാണ്‌ പിന്നെ...
വട്ടന്‍ തുടങ്ങിയ നാടന്‍ പ്രയോഗങ്ങളും പ്രതീക്ഷിയ്ക്കാം...
ഓ.....പിന്നെ ഇവരൊക്കെ കാണിച്ചു കൂട്ടുന്നതൊക്കെ ഭയങ്കരമല്ലേ...വന്നിരിക്കുന്നു കൊറെ ബുദ്ധിമാന്മാര്‍.!!

പിന്നെ മറ്റൊന്നുണ്ട്‌...ഓരോ തവണയും ഞാന്‍ ഒറ്റയ്ക്കാവാന്‍ തീരുമാനിയ്ക്കുമ്പോഴും ജീവിതം അകന്നകന്നു പോകുന്നതു പോലെ തോന്നുന്നു.
രസകരമായ ഒരു സംഗതി എനിക്കതില്‍ ഒട്ടും സങ്കടമില്ല എന്നതാണ്‌.!
ഞാന്‍ ഒരു ഓരത്തിരിക്കുന്നു...ജീവിതം ഒരു നദിയായി അകന്നകന്നു പോകുന്നു.

അവിടെയിരുന്നാല്‍ എനിക്കെല്ലാം കാണാം.
ഒരുമിച്ചൊരു ബെഞ്ചിലിരുന്നു പഠിച്ചവര്‍ ഭര്‍ത്താവാകുന്നു, ഭാര്യയാവുന്നു,അച്ഛനാവുന്നു....അമ്മയാവുന്നു...
ജീവിതത്തിന്റെ നെരിപ്പോടുകള്‍ അനുഭവിയ്ക്കുന്നു...എന്തിനെന്നു പോലും അറിയാതെ അവരും ജീവിത നദിയിലൂടെ ഒഴുകി ഒഴുകി കണ്ണില്‍ നിന്നും മറയുന്നു.

അവരിലാരൊക്കെയോ എന്നെ കൂടെപ്പോവാന്‍ വിളിയ്ക്കുന്നുണ്ട്‌.ചിലര്‍ ഭയപ്പെടുത്തുന്നുണ്ട്‌.
ഞാന്‍ നിസ്സംഗത പാലിച്ചു കൊണ്ടവിടെത്തന്നെയിരിക്കുന്നു.
ഓര്‍മ്മകളെ താലോലിച്ചും കൊണ്ട്‌.!

തിരക്കു പിടിച്ച Mumbai ലോക്കല്‍ ട്രെയിനിലോ ബസ്സിലോ കയറുമ്പോള്‍.....
ഒരു നിമിഷം... ഒരേ ഒരു നിമിഷം...
ഈ തിരക്കിനിടയ്ക്ക്‌ ഒന്നു നില്‍ക്കുക...
ഭ്രാന്തന്മാരെപ്പോലെ എവിടെയ്ക്കോ പാഞ്ഞു പോകുന്ന ഈ മനുഷ്യ സമുദ്രത്തെ ഒന്നു ശ്രദ്ധിയ്ക്കുക....

ചിലപ്പോള്‍ ചിരി വരും.....
പണ്ടു മുത്തശ്ശി പറഞ്ഞു തന്ന നാറാണത്തു ഭ്രാന്തന്റെ കഥ ഓര്‍ക്കും...
ദിവസം മുഴുവന്‍ കഷ്ടപ്പെട്ട്‌ ഒരു കല്ല് കുന്നിന്റെ മുകളില്‍ കയറ്റുന്നു.....ഒടുവില്‍ അത്‌ താഴെയ്ക്കു തള്ളിയിട്ട്‌ സ്വയം ചിരിയ്ക്കുന്ന നാറാണത്തു ഭ്രാന്തന്‍.!!

നമ്മള്‍ ചെയ്യുന്നതും എതാണ്ടു അത്‌ തന്നെയല്ലേ...
ഒറ്റ വ്യത്യാസം മാത്രം...
നാറാണത്തു ഭ്രാന്തന്‍ അറിഞ്ഞു കൊണ്ടതു ചെയ്തു...നാം അറിയാതെ ഒരു ജന്മം മുഴുവന്‍ പാഴാക്കുന്നു.
അത്ര മാത്രം..

ഇന്നീ ഉത്രാട രാത്രിയില്‍, നേരിയ മഞ്ഞിന്റെ തണുപ്പില്‍, നിലാവത്ത്‌ ആകാശത്തു നോക്കി മലര്‍ന്നു കിടക്കവെ എനിയ്ക്കു മനസ്സിലായി അവര്‍ക്കു നഷ്ടപ്പെടുന്നതെന്തെന്ന്.

ഇതാ....ഇവിടെ... ഈ നിമിഷം.!!






7 comments:

പാച്ചു said...

കുറെയധികം നാളായി ബൂലോഗ സമൂഹത്തില്‍ നിന്നും അകന്നു പോയിട്ട്‌..
അറിഞ്ഞു കൊണ്ടല്ല..
എന്നാലും ..
തിരിച്ചു വരവ്‌ ഒരല്‍പ്പം ജീവിതവുമായിട്ടു തന്നെയാവട്ടെ..

മന്‍സുര്‍ said...

അറിയാന്‍ അറിഞിരിക്കാന്‍
ജീവിത വഴികളിലേക്കൊരു തുറന്ന വഴി

നല്ല വിവരണം , നല്ല ചിന്ത

വേണു venu said...

ശരിയാണല്ലോ പാച്ചു. കുറച്ചു നാളായല്ലോ. ഇനിയും എഴുതൂ.:)

സഹയാത്രികന്‍ said...

:D

പാച്ചു said...

മന്‍സൂര്‍: നന്ദി...വന്നതിനും കമന്റിട്ടതിനും.

വേണുച്ചേട്ടാ മറന്നില്ലല്ലോ എന്നെ..അതു തന്നെ ധാരാളം.

സഹയാത്രികാ: രണ്ടു കുത്തു മാത്രമെ കണ്ടുള്ളൂ.ഹ.. ഹ..

NB:- ഇനി ഇവിടെയൊക്കെത്തന്നെയുണ്ടാവും ഞാന്‍...

ഗിരീഷ്‌ എ എസ്‌ said...

പാച്ചു നന്നായിട്ടുണ്ട്‌
ആശംസകള്‍

Binoy said...

ഒരു ജോലി...ഒരു 2 wheeler,നല്ല ഒരു പെണ്‍കുട്ടി,വലിയൊരു വീട്‌..ഇതിനൊക്കെ അപ്പുറം ഒരു ജീവിതം ഇല്ലെ

da nee enne ano uddeshichu alle paranjathu....


Binoy