Sunday, November 19, 2006

കവിതകള്‍ -2


അച്ഛന്‍
---------
നാവില്‍ക്കുറിച്ചേനുന്മാദമാ -
യറിവിന്നാദ്യാക്ഷരങ്ങള്‍

‍കൈയ്യില്‍പ്പിടിച്ചേന്‍ പലവുരു തുണയായ്‌,
പിച്ച വെയ്ക്കുന്ന നേരം

നെഞ്ചില്‍പ്പകുത്തേന്‍ വരമൊടു നിറവായ്‌
ജന്മപുണ്യങ്ങളാകെ,

എന്നിട്ടുമറിവില്ലാപ്പൈതങ്ങള്‍ ഞങ്ങളീ-
ക്കലിയൂറും യൗവ്വനത്തിരയോട്ട നാള്‍കളില്‍

‍ഞങ്ങള്‍തന്നാഗ്രഹക്കടലുകളില്‍ മുക്കിയും,
പണ്ടാരപ്പൈത്രുകപ്പിശാചെന്നു ചൊല്ലിയും,

അറിവും നിന്നനുഭവപ്പെരുമയുമൊരുപിടി -
ച്ചാരമാണെനിയ്ക്കെന്നു ചൊല്ലിനോവിച്ചതും

താതന്റെ ശോകത്തെ,വെറുമൊരു ബീഡി-
പ്പുക പോലെയുള്‍ക്കൊണ്ടാഞ്ഞൂതി വിട്ടതും.

പറഞ്ഞും നോവിച്ചും,
പലവട്ടം പുഛിച്ചും

ഒടുവിലുമ്മറക്കോലായില്‍ തണുപ്പത്ത്‌,
കോടിപ്പുതപ്പിട്ട മരവിച്ച ദേഹത്തെ
തോളില്‍ ചുമന്നതും,കണ്ണീരു വാര്‍ത്തതും

മാറത്തടുക്കിയ നെഞ്ചത്തു വെച്ചൊരു
തീപ്പന്തം കൊണ്ടു വിളക്കു തെളിച്ചതും
------ ----- ------ ------
ഏതേതുമിത്തീയില്‍ വെന്തു ദഹിച്ചാലും
ചെയ്ത പാപങ്ങള്‍ക്കു മാപ്പു ചോദിച്ചാലും
എന്നും പുലര്‍ന്നാലുള്ളിലൊരു കനലാ -
ണച്ഛനില്ലെന്ന സത്യം.


10 comments:

പാച്ചു said...

ജീവിതത്തില്‍ ഒരു ഘട്ടത്തില്‍,
ഒരു പുരുഷന്റെ ഏറ്റവും വലിയ ശത്രു
അവന്റെ അച്ഛനായിരിക്കും.

പിന്നീട്‌ അവന്റെ അസ്തിത്വത്തിന്റെ സകല മൂലാധാരങ്ങളുടെയും
ആണിക്കല്ല്‌ അദ്ദേഹമായിരുന്നുവെന്ന്‌ തിരിച്ചറിയുന്നതു വരെ.!

(അച്ഛന്റെ 4th Death Anniversary അടുത്തു വരുന്നു..)

ദില്‍ബാസുരന്‍ said...

പാച്ചൂ,
ആ പറഞ്ഞത് സത്യം. I am glad I realised it before its too late.

മുരളി വാളൂര്‍ said...

ഒരച്ഛനോടുള്ള ആത്മബന്ധമാകെ നിറച്ചുവച്ചിരിക്കുന്ന കവിത... വളരെ നന്നായി അനുഭവിപ്പിക്കുന്നുണ്ട്‌ താങ്കളുടെ വാക്കുകള്‍...

വിഷ്ണു പ്രസാദ് said...

പാച്ചൂ...(വിചാരങ്ങളുടെ ഒരു മൌനം)

പെരിങ്ങോടന്‍ said...

പാച്ചൂ, കവിതയില്‍ പറഞ്ഞിരിക്കുന്നതിനേക്കാള്‍ കൂടുതല്‍ കമന്റിലെ രണ്ടുവരിയില്‍ പറഞ്ഞല്ലോ!

ഇടങ്ങള്‍|idangal said...

പാച്ചൂ,
ഈ കവിത അനംഗാരിക്കയച്ച് കൊടുക്കൂ, ചൊല്ലിയാല്‍ നല്ല ഭംഗി കിട്ടുമെന്ന് തൊന്നുന്നു,

പെരിങ്ങൊടന്റെ കമന്റ് നന്നായി

വേണു venu said...

പച്ച പരമാര്‍ഥം.പാച്ചുവിന്‍റെ കവിത അനുഭവിച്ചാസ്വദിക്കുന്നു.

Ambi said...

പാച്ചൂ..കവിത നന്നായി..
പോരാ ..വളരേ നന്നായി.

പാച്ചു said...

Oedipus Complex എന്നൊക്കെ ഫ്രോയ്ഡ്‌ വിളിച്ച അച്ഛനോടുള്ള ഒരു തരം ശത്രുത...!!

.....എന്തിനായിരുന്നു.?

ദില്‍ബു:- Late ആവും മുന്‍പ്‌ തിരുത്താന്‍ കഴിയട്ടെ.

മുരളി:- അഭിനന്ദനങ്ങള്‍ക്ക്‌ വളരെ നന്ദി.

വിഷ്ണു:- ഞാനും വിചാരങ്ങളുടെ മൗനത്തിലാണ്‌.

പെരിങ്ങോടന്‍:- വളരെ നന്ദി.ആദ്യത്തെ വരവിനും കമന്റിനും..

ഇടങ്ങള്‍:- അതെ.പക്ഷെ ഇടയ്ക്കു കുറച്ചു കൂടി ഈണം ശരിയാക്കാനുണ്ട്‌.

വേണു:- വായിച്ചപ്പോള്‍ ഒരിയ്ക്കലെങ്കിലും ഒരു തിരിഞ്ഞു നോട്ടത്തിനു കഴിഞ്ഞാല്‍ കവിത വിജയിച്ചു.

അമ്പി:-ഉള്ളറിഞ്ഞ പ്രോത്സാഹനത്തിനു നന്ദി.

Innovation said...

Pattchu aliya, sound aliya,
Very happy to see you writing... keep writing...
proud of u