Thursday, November 09, 2006

കവിതകള്‍-1


കൂട്ടുകാര്‍
---------
കൂട്ടുകാര്‍ കൂട്ടുകാര്‍,
കൂടെപ്പഠിച്ചവര്‍, കൂടെച്ചിരിച്ചവര്‍

ഒന്നിച്ചൊരുപാടു സ്വപ്നങ്ങള്‍ കണ്ടവര്‍,
ഒന്നിച്ചൊരുനൂറു കുസ്രുതികള്‍ കാട്ടിയോര്‍
ഉള്ളില്‍ക്കലിയുടെ വിത്തുണ്ടെങ്കിലും
നെഞ്ചില്‍ക്കലയുടെ മാറ്റു സൂക്ഷിച്ചവര്‍,
നാവേറ്റു പാട്ടിന്റെ സംഘം രചിച്ചവര്‍.

അറിവിന്റെ തിരകളില്‍ ഒന്നിച്ചു നീന്തിയോര്‍
അറിവെഴാ സത്യത്തെയൊന്നായ്ത്തിരഞ്ഞവര്‍.

പിരിയുന്ന നേരത്തു
കണ്ണീര്‍ പുതച്ചവര്‍

‍പിരിയുമ്പൊ സാഹിത്യം
സ്നേഹമായ്‌പ്പകര്‍ന്നവര്‍

ഒരുമിച്ചുണ്ടതും ഒരുമിച്ചുറങ്ങിയതും,
മറക്കുകില്ലീ ജന്മമെന്നുറക്കെ-
വിളിച്ചു പറഞ്ഞവര്‍.
. . . . . . . .
എന്നിട്ടും,വീണ്ടുമേതോ
തിരുവോണ നാളിലറിയാതെ കണ്ടിട്ടും
കാണാതെ നടന്നു മറഞ്ഞവര്‍.

6 comments:

പാച്ചു said...

ഒരുമിച്ചു പഠിക്കുകയും
ഹോസ്റ്റല്‍ മുറികളില്‍ ഒരുമിച്ചു കഴിയുകയും,
ഇന്നു മുഖം പോലും ഓര്‍ത്തെടുക്കാന്‍ വിഷമിക്കുകയും ചെയ്യുന്ന എന്റെ പഴയ സുഹ്രുത്തുക്കള്‍ക്ക്‌ സമര്‍പ്പണം.

സു | Su said...

നല്ല കവിത.

മറക്കില്ലൊരിക്കലും എന്നോതിയിട്ട്, ഒരിക്കല്‍പ്പോലും, നിനയ്ക്കാത്തവര്‍. ലോകം, മനുഷ്യനെ മാറ്റത്തിന് നിര്‍ബ്ബന്ധിക്കുന്നു.

പാച്ചു said...

നന്ദി.സൂ ചേച്ചി.
എഴുതിത്തെളിഞ്ഞവര്‍ പറയുമ്പൊ അതിനൊരു പ്രത്യേക സുഖമുണ്ട്‌.(എന്നെ സമാധാനിപ്പിക്കാന്‍ പറഞ്ഞതാണെങ്കിലും..:) )

എന്‍റെ കഥ said...

ഓര്‍മ്മകള്‍ക്ക് ജീവന്‍ വെയ്ക്കുമ്പോഴാണ് .. സൌഹൃദത്തിന് തീവ്രതയേറുക , കൊടുക്കുകയും വാങ്ങുകയും ചെയ്യുന്നതാണ് സ്നേഹം, ഒത്തിരി നല്‍കൂ ഒരിക്കലെങ്കിലും തിരികെ ലഭിക്കാതിരിക്കില്ല .. അതാണ് സ്നേഹം, സ്നേഹമുള്ളമനസ്സുള്ളവരൊരിക്കലും തല തിരിക്കില്ല , ഒരു പക്ഷെ അറിയാതെ നമ്മളില്‍ നിന്നുണ്ടാകുന്ന വൈരാഗ്യത്തിന്‍റെ വിത്തുകള്‍ അവരുടെ മനസ്സില്‍ ഒരു കാട്ടുചെടിയായി വളര്‍ന്നിട്ടുണ്ടാകാം .. അതു വെട്ടി കളയുക ... മുഖം തിരിക്കുന്നവന്‍റെ മുന്‍പില്‍ പുഞ്ചിരിക്കൂ അവന് തിരികെ ചിരിക്കാതിരിക്കാനാവില്ല ... മുഖം തിരിക്കുന്നവന്‍റെ മുന്‍പില്‍ നമ്മളും മുഖം തിരിക്കാതിരിക്കുക അങ്ങെ തിരിച്ചാല്‍ അവനും നമ്മളും തമ്മിലെന്താ വിത്യാസം ?

ലിഡിയ said...

മറക്കില്ലെന്ന് വാശി പിടിക്കുന്നതില്‍ അര്‍ത്ഥമില്ല പാച്ചൂ, മാമ്പഴത്തിന്റെ മേല്പൂള് കിട്ടാന്‍ അടിയിട്ടതും ടീച്ചറിനോട് പറയാതെ പേരയ്ക്ക പറിക്കാന്‍ തെമ്മാടി പറമ്പില്‍ കയറിയ കാര്യം രഹസ്യമാക്കി വച്ചതും,അതെന്നിട്ട് അടിയുണ്ടാക്കിയപ്പോള്‍ എല്ലാവരോടും പറഞ്ഞ് അടി വാങ്ങി തന്നതും അതിന്റെ വാശിക്ക് മൂക്കിടിച്ച് ചോര വരുത്തിയതും ഒക്കെ മുഖം മറന്നാലും ഓര്‍ത്തിരിക്കാം, ജീവിതത്തിന്റെ കളികള്‍ ഇതിലും ക്രൂരമല്ലേ..

പലപ്പോഴും അപരിചിതരായി നടക്കുമ്പോള്‍ പെട്ടന്നൊരു തിരിഞ്ഞു നോട്ടം സംശയത്തൊടെയുള്ള ഒരു അന്വേഷണം, മുഖം മറന്നു പോയവരാണെന്ന് അറിയുമ്പോഴുള്ള ആഹ്ലാദം അതാണ് ജീവിതം തരുന്ന തേന്‍ തുള്ളികള്‍..

അല്ലേ?

-പാര്‍വതി.

പാച്ചു said...

ആത്മകഥ,പാറൂസ്സ്‌:- നന്ദി.ആദ്യത്തെ വരവിന്‌.

അതെ..ഇന്നലെ രാത്രി യാദൃശ്ചികമായി ചെന്നൈയില്‍ നിന്നും പഴയ ഒരു സുഹ്രുത്ത്‌ വിളിച്ചിരുന്നു.
വിളിക്കുമ്പൊ അടുത്തിരുന്ന് അവന്റെ 2 വയസ്സുള്ള കുസ്രുതിക്കുടുക്ക ബഹളം വയ്ക്കുന്നു.
വിവാഹം വിളിക്കാഞ്ഞതിലുള്ള വിഷമം ആ ശബ്ദം കേട്ടപ്പോത്തീര്‍ന്നു.
ജീവിതം....
പാവം...ഒരുപാട്‌ ദൂരം ഓടേണ്ടതുണ്ട്‌.അതിനിടയില്‍ നമ്മളൊക്കെയല്ലേയുള്ളൂ അവരെ മനസ്സിലാക്കാന്‍.

സ്നേഹമുള്ളവര്‍ ഒരിയ്ക്കലും തലതിരിയ്ക്കില്ല.
പെട്ടെന്നുള്ള ഒരു തിരിഞ്ഞു നോട്ടം..
അതെ, അതു തന്നെയാവണം ജീവിതത്തിന്റെ തേന്‍ തുള്ളികള്‍.