Friday, October 27, 2006

ഭാംഗിന്റെ വെണ്ണിലാവ്‌ . . . .


NOTE:-Anti-Narcotics കാരോ ലഹരി വിരുദ്ധരോ ഉണ്ടെങ്കില്‍ ഈ ബ്ലോഗ്‌ വായിയ്ക്കരുത്‌.


ആറാം തമ്പുരാനില്‍ മോഹന്‍ലാലിന്റെ ഡയലോഗ്‌ ഇല്ലേ..
"സംഗീതം പഠിയ്കാന്‍ ചെന്നു കയറിയതു സിംഹത്തിന്റെ മുന്‍പില്‍...ഭാംഗിന്റെ വെണ്ണിലാവൂറുന്ന..."എന്നു തുടങ്ങുന്ന രഞ്ജിത്തിന്റെഉഗ്രന്‍ ഡയലോഗുകള്‍.

അതൊക്കെ കേട്ടിട്ടാണൊ എന്തൊ.?
മുംബൈയില്‍ എത്തിയപ്പോള്‍ മുതലുള്ള ഒരു മോഹമാണു ഭാംഗ്‌ കഴിക്കണം എന്നത്‌.

ഹോളി ദിനത്തില്‍ ഇവിടുത്തുകാര്‍ വലിയ ഒരു കുട്ടുകത്തില്‍ കൊറെ പാലില്‍ കലക്കി ഇതു കുടിക്കാറുണ്ട്‌.
ഇവിടുത്തെ ഹിന്ദുസ്താനി സംഗീതജ്ഞരെല്ലാം ഇതു കഴിച്ചാണത്രെ പാടുക.

ഓഫ്‌ സീസണ്‍ ആയതിനാല്‍ കുറച്ചു ബുദ്ധിമുട്ടി.
അപ്പോഴാണ്‌ അറിയുന്നത്‌ IIT-ഹോസ്റ്റലില്‍ ഉരുഗ്രന്‍ ഭാംഗിന്‍ തോട്ടം തന്നെ ഉണ്ടത്രെ..
അങ്ങനെ IIT Campus-ലെ ഒരുവന്‍ വഴി കുറച്ചു തരപ്പെടുത്തി.

കുറച്ചു പച്ചമരുന്നുകള്‍ അരച്ചു വെച്ചതു പൊലെ ഒരുണ്ട.!!
തന്നവന്‍ പറഞ്ഞു."ഇതു 4 പേര്‍ക്കു കഴിക്കാന്‍ ഉള്ളതുണ്ട്‌."
പാലില്‍ ചേര്‍ത്തു തട്ടിക്കോളാന്‍.ഒപ്പം

ഇതും കൂടി പറഞ്ഞു..."മധുരം ഇടക്കു ഇടക്കു കഴിയ്ക്കുക..."ലഹരി വര്‍ധിക്കുമത്രെ.!
പണ്ടു കഞ്ചാവു കുറച്ചു അടിച്ചിട്ടുണ്ട്‌..അതൊരുതരം വട്ടാണ്‌.

ഭാംഗ്‌ അതില്‍ നിന്നും വ്യത്യസ്തനാവും എന്നൊരു തോന്നല്‍.
ഭാംഗ്‌ അതില്‍ നിന്നും വ്യത്യസ്തനാവുമൊ.?...നോക്കാം.

ശരി...തിളപ്പിച്ചാറ്റിയ പാലില്‍ ആവേശം മൂത്തിട്ടാണൊ എന്തൊ വലിയ ഒരുരുള തന്നെ അങ്ങിട്ടു കലക്കിക്കുടിച്ചു.

എന്നിട്ടു പതിവു പോലെ പത്തനംതിട്ട സഹമുറിയന്മാരൊടൊപ്പം സൊറ പറയാന്‍ തൊടങ്ങി.
അവര്‍ക്കിതിലൊന്നും വലിയ താത്പര്യം ഇല്ല്യ.

അങ്ങനെ അങ്ങനെ ഇരിക്കുമ്പോള്‍ പതിയെ പതിയെ എന്തൊക്കെയൊ തോന്നിത്തുടങ്ങി.

കൈകള്‍ ആയാസ രഹിതമായോ..?
തല തിരിച്ചാല്‍ 2 മിനുട്ട്‌ കഴിഞ്ഞെ എന്റെ തല തിരിയുന്നുള്ളോ..?

അതാ വരുന്നു ഭാംഗിന്റെ വെണ്ണിലാവൂറുന്ന സന്ധ്യകള്‍....
എനിക്കു പാടണമെന്നു തോന്നി..
ഞാന്‍ പാടി...

പക്ഷെ ഹിന്ദുസ്താനി രാഗങ്ങള്‍ മാത്രം വരുന്നു.
മല്‍ഹാറും മേഘമല്‍ഹാറും ഘരാനകളും മാത്രം..

എവിടെ എന്റെ കര്‍ണാട്ടിക്‌..?
ഇല്ല.. ഞാന്‍ എതൊ ഉസ്താദ്‌ അംജദ്‌ അലിഖാന്‍ ആയതു പോലെ...

സഹമുറിയന്മാര്‍ അന്തം വിട്ടു...
മുകളിലെ മലയാളി പയ്യന്മാര്‍ കച്ചേരി കേട്ടു താഴത്തെത്തി.

പാറയില്‍ ഉരക്കുന്നതു പൊലെയുള്ള എന്റെ പരുപരുത്ത ഗന്ധര്‍വ്വ ശബ്ദത്തില്‍...
ഞാനങ്ങിനെ പാടുകയാണ്‌.

അതും ഹിന്ദുസ്താനിയെ....സഹിക്കുമൊ..?
പെറ്റ തള്ളക്കു പോലും സഹിക്കില്ല.

അതിനിടയില്‍ അപ്പുറത്തെ വീട്ടിലെ വര്‍ക്കിച്ചായന്‍ എന്തോ വാങ്ങാന്‍ പോയ വഴി മുറിയില്‍ വന്നു...
നൊക്കുമ്പൊ ഞാന്‍ തൊടയില്‍ കൊട്ടി താളമടിച്ചു നല്ല പാട്ടങ്ങു പാടുന്നു..

ദീവാലി ആയതിനാല്‍ ഏതേലും ഹിന്ദു ഭക്തി ഗാനമായിരിക്കും എന്നു കരുതിക്കാണും വര്‍ക്കിച്ചായന്‍.

ഹിന്ദുക്കളെ ശല്യപ്പെടുത്തണ്ടാ എന്നു കരുതി, ഒരൊന്നാന്തരം മതേതരവാദിയായ പുള്ളിക്കാരന്‍ വേഗം സ്ഥലം വിട്ടു.

അപ്പൊള്‍ സമയം ഉച്ചയ്ക്കു 2 മണി.

2,3 ആള്‍ക്കുള്ള ഒരുരുളയാണു ഞാന്‍ അകത്താക്കിയത്‌.

ഞാന്‍ അങ്ങിനെ ഇരിക്കവെ ഭാംഗിന്റെ വെണ്ണിലാവില്‍ ചില കുറുക്കന്മാര്‍ ഓരിയിടുന്നതു പോലെ തോന്നി.ഞാനൊര്‍ത്തു വെറുതെ തോന്നിയതാകും..

അല്ലാ....അതാ വരുന്നു ഒരു കൊടുങ്കാറ്റ്‌....
അമ്മേ.അതിങ്ങനെ വരികയാണ്‌...
സകല ഭൂപാളവും തകര്‍ത്ത്‌ അടുത്തടുത്ത്‌ ..
ഊവ്വ്‌... എനിക്കു കേള്‍ക്കാം അതിങ്ങടുത്തു വന്നു കഴിഞ്ഞു...

ഇനി രക്ഷയില്ല..സഹമുറിയന്മാരോടായി ഞാന്‍ ഉച്ചത്തില്‍ പറഞ്ഞു...
"ഓടി രക്ഷപ്പെട്ടോളൂ..ഞാന്‍...എനിക്കു നീങ്ങാന്‍ വയ്യാ...നിങ്ങളെങ്കിലും രക്ഷപ്പെട്ടോളൂ."

അവരെന്നെ കൗതുകത്തോടെ നൊക്കി നില്‍ക്കെ ആ കൊടുങ്കാറ്റ്‌ എന്നെയും കൊണ്ടു പാഞ്ഞു..ഞാന്‍ നിലവിളിച്ചു..."എടാ അജീഷെ... ഞാന്‍ നഷ്ടപ്പെട്ടെടാ..എനിയ്ക്കിനി തിരിച്ചു വരുവാനാകുമോ.."

ആശുപത്രിയില്‍ കൊണ്ടുപോണോ..?
ആരൊക്കെയൊ തര്‍ക്കിയ്ക്കുന്നു..
"ഒരു doctor എന്തു ചെയ്യാനാടാ ഞാന്‍ നഷ്ടപ്പെട്ടെടാ....!!

ഹമ്മേ...കാലിലെ ഞരമ്പെല്ലാം വലിഞ്ഞു മുറുകുന്നു...
ബോധോദയത്തെക്കുറിച്ചു പണ്ടെവിടെയൊ വായിച്ചതോര്‍മ്മ വന്നു..
എനിക്കു ബോധോദയം സംഭവിക്കുകയാണോ..?
എവിടെ ബോധിവൃക്ഷം..?എവിടെ മള്‍ബറി.?

ഞാന്‍ എന്റെ കച്ചേരി ശക്തമാക്കി....അപ്പോള്‍ ഒരു ആശ്വാസം..
സൂഫി സംഗീതത്തിലൂടെ,ഭോപ്പാല്‍ ഘരാനയിലൂടെ പണ്ഡിറ്റ്‌ ജസ്‌ രാജിനെ തൊഴുത്‌ ഉസ്താദ്‌ ബിസ്മില്ല ഖാന്റെ കാല്‍തൊട്ടു വന്ദിച്ച്‌, ഇടക്കു കയറി വന്ന ബാലമുരളീകൃഷ്ണയെ ആട്ടിപ്പുറത്താക്കി ഞാന്‍ താന്‍സനിലെക്കെത്താനുള്ള പടപ്പുറപ്പാടില്‍..

അല്ല..ഞാന്‍ തന്നെയല്ലെ താന്‍സന്‍.!!!

ഉണ്ടിട്ട്‌ ഒരുറക്കവും കഴിഞ്ഞു വര്‍ക്കിച്ചായന്‍ പിന്നെയും കയറി വന്നു.

അപ്പോള്‍ സമയം 4:30 കഴിഞ്ഞു...

ഞാനപ്പോള്‍ മേഘമല്‍ഹാറില്‍ പകുതി ആയിട്ടെ ഒള്ളൂ..
മഴ പെയ്യിച്ചിട്ടേ അടങ്ങൂ....

ഇത്തവണ വര്‍ക്കിച്ചായന്‍ എന്ന ആ secularist നു ചില പന്തികേടുകള്‍ മണത്തു...

നല്ല നാടന്‍ ചീത്ത വിളിയാണു പിന്നെ...
"@..#$... അടിയ്ക്കണെല്‍ നല്ല കള്ളു വാങ്ങിക്കുടിക്കെടാ..വേണെല്‍ ഈ വര്‍ക്കി മേടിച്ചു തരും.അല്ലാതെ ഈ നാറിയ ഭൈയ്യാമാരുടെ തീട്ടം കഴിച്ചാല്‍, മൂടും നിന്നെ ഞാന്‍.

"ഭൈയ്യാമാരുമായ്‌ വര്‍ക്കിച്ചായന്‌ എന്താണവോ ഇത്ര ശത്രുത.?
എന്തായാലും നല്ല കുടിയേറ്റക്കാരനെ കണ്ടിട്ടാണോ എന്തൊ.. കൊടുങ്കാറ്റ്‌ ഒന്നടങ്ങി..

ഘരാന ഇടയ്ക്കു വെച്ചു മുടങ്ങി.
ഞാന്‍ മയക്കത്തിലേയ്ക്കു വീണു.....

പിറ്റേന്നുണര്‍ന്നെണീറ്റപ്പോള്‍ ശരീരത്തിലടിഞ്ഞ ഭാംഗിനെ ഊക്കോടു കൂടി ശരീരം പുറം തള്ളി.
അങ്ങിനെ ഞാന്‍ ജീവിതത്തിലേയ്ക്കു വീണ്ടും പ്രവേശിച്ചു..

പിന്‍ കുറിപ്പ്‌:- 1) ഒന്നുകില്‍ കള്ളു കുടിക്കുക.
2) അല്ലെങ്കില്‍ ഭാംഗ്‌ അളവു കുറച്ച്‌ അടിക്കുക..
3) ഹിന്ദുസ്താനി അല്‍പ്പം അറിഞ്ഞിരിക്കുക...(അല്ലേല്‍ തെണ്ടിപ്പോകും.!!)

16 comments:

മുന്ന said...

വീട്ട്വാര്‍ക്കും നാട്ടാര്‍ക്കും കൂട്ട്വാര്‍ക്കും തൊന്നുമ്പോലെ ഇപ്പൊ ഞമ്മക്കും ഒരു തോന്നല്‍..ഏത്‌ന്നോ ? ആ പ്രൊഫെയിലില്‍ പറഞ്ഞതേ!!!

പച്ചാളം : pachalam said...

ആഹാ സ്വയംബന്‍ പോസ്റ്റ്!

ബോബെയില്‍ ചെന്ന് കൌട്ട അടിച്ചല്ലേ? :) കലക്കി.

കിച്ചു said...

അമ്മോ കൊള്ളാം തേരവെ നല്ല പോസ്റ്റ് അതിലുമുപരി നല്ല അനുഭവം. . ബൈ ദി ബൈ ഇനി വരുമ്പോ ലേശം നമ്മുക്കും കൊണ്ടു വരുമോ.. കുറെ കാലമായി ദേശ് രാഗത്തില്‍ ഒരു ഹിന്ദുസ്ഥാനി ഗാനം പടണമെന്നു കരുതിയിട്ട്..

അരവിശിവ. said...

ഹാ ഹാ...ഭാംഗ് പുരാണം കലക്കി...നല്ല രസികന്‍ വിവരണം..ഇനിയും പോരട്ടെ.

സു | Su said...

അപ്പൊ ഇനി ബ്ലോഗ് മീറ്റ് ഉണ്ടാകുമ്പോള്‍ പാച്ചുവിന് ഇത്തിരി ഭാംഗ് തന്നാല്‍പ്പിന്നെ, വേറെ കലാപരിപാടികളൊന്നും ചിന്തിക്കണ്ട അല്ലേ? ;)

ദിവ (diva) said...

കുറുമാന്റെ ഭാംഗിന്‍ ‘പുറത്തൊരു ഹോളി’ ഇവിടുണ്ട്.

http://rageshkurman.blogspot.com/2006/05/blog-post_22.html

ഇത്തിരിവെട്ടം|Ithiri said...

ഭംഗും ഹിന്ദുസ്ഥാനിയും ഇങ്ങിനെയൊരു ബന്ധം ഉണ്ടല്ലേ... ഏതായലും കലക്കി കിച്ചൂ...

ദില്‍ബാസുരന്‍ said...

പാച്ചൂ,
രസിച്ചു. ഭാംഗ് കൊള്ളാമല്ലോ. :-)

പടിപ്പുര said...

പണ്ടൊരു കൂട്ടുകാരന്‍ ഭാംഗടിച്ച്‌ സ്വന്തം വീട്ടിലേയ്ക്കുള്ള വഴി കണ്ടുപിടിക്കാന്‍ പറ്റാതെ കല്ലുങ്കില്‍ കിടന്നുറങ്ങിപ്പോയിട്ടുണ്ട്‌.

പാച്ചു ഏതായാലും താമസിക്കുന്നിടത്ത്‌ വച്ച്‌ പരീക്ഷിച്ചത്‌ നന്നായി.

തഥാഗതന്‍ said...

പാച്ചു അടിച്ചത്‌ ഭാംഗ്‌ തന്നെ ആണോ എന്ന് എനിക്ക്‌ സംശയം
ഞാന്‍ ദില്ലിയില്‍ വെച്ച്‌ ഒരിക്കല്‍ ഭാംഗ്‌ കഴിച്ചിട്ടുണ്ട്‌. കഞ്ചാവും മറ്റു ചില ചേരുവകളും കൂട്ടി കിഴിയാക്കി ആട്ടിന്‍പാലില്‍ താഴ്ത്തിയിടും. വേണ്ടവര്‍ക്ക്‌ ആ കിഴി പുറത്തെടുത്ത്‌ പിഴിഞ്ഞ്‌ ഒരു ഗ്ലാസ്സിലാക്കി കൊടുക്കും. അതു കുടിച്ചിട്ട്‌ ഞാനും സ്വര്‍ഗ്ഗം കണ്ടിട്ടുണ്ട്‌,ഒരേ ഒരു തവണ.. അതാണ്‌ ഭാംഗ്‌ എന്നാണ്‌ ഞാന്‍ വിശ്വസിച്ചിരിക്കുന്നത്‌. ഇനി ഇപ്പൊ ഇതാണോ ഭാംഗ്‌ അതൊ ഞാന്‍ കുടിച്ചതാണോ ഭാംഗ്‌?

കുട്ടന്മേനൊന്‍::KM said...

എന്റെ പാച്ചു.. മുംബൈ ജീവിതത്തില്‍ ഞാനും ഈ സാധനം ഒരു പ്രാവശ്യം രുചിച്ചിട്ടുണ്ട്. അന്ന് പവായില്‍ വെച്ച്. അടുത്ത ഫ്ലാറ്റിലെ പഞ്ചാബി ദീദി ഞങ്ങളുടെ നിര്‍ബന്ധം കൊണ്ട് ഒരു ദിവസം ഒരു ചെറിയ കപ്പില്‍ കൊണ്ടു വന്നു തന്നു. കോഫി(പട്ടച്ചാരായം) അടിച്ച കിറുങ്ങിയിരുന്ന ആന്റപ്പന്‍ മാത്രമായിരുന്നു അന്ന് മുറിയിലുണ്ടായിരുന്നത്. ദീദി ഈ സാധനം കൊണ്ടു വെച്ചിട്ട് പോയി. മുറിയില്‍ അന്ന് അഞ്ചു പേരാണുണ്ടായിരുന്നത്. മൂന്നു പേര്‍ നാട്ടില്‍ പോയിരിക്കുകയായിരുന്നു. ക്ലാസ്സ് കഴിഞ്ഞ് രാത്രി 10 മണിക്കെത്തിയ ഞാന്‍ കാണുന്നത് ബാംഗടിച്ച് കിറുങ്ങിയിരിക്കുന്ന ആന്റപ്പനെയാണ്. ആന്റപ്പന്‍ ചാരുകസേരയിലിരുന്ന് ‘നല്ലേ മാതാവെ’ പാടി രസിക്കുന്നു. എനിക്ക് വേണ്ടി ഗ്ലാസിന്റെ മുക്കാല്‍ ഭാഗം വെച്ചിട്ടുണ്ട്. ആക്രാന്തം കൊണ്ട് ഞാനതെടുത്ത് മുഴുവന വീശി. അര മണിക്കൂര്‍ കൊണ്ട് ഈരേഴു പതിനാലു ലോകവും കാല്‍ക്കീഴിലാണെന്ന് തോന്നി.
പിറ്റേന്ന് ഉച്ചകഴിഞ്ഞ് ആദത്തിന്റെ അനന്തരാവകാശിയെപ്പോലെ മോറിയിലിരുത്തി തലയില്‍ വെള്ളം കോരിവീത്തുമ്പോഴാണ് ആന്റപ്പന്‍ അത് പറയുന്നത്
‘ഭാങിന്റെ കൂടെ രണ്ടു ഗ്ലാസ്സ് തൈരും കഴിക്കണമെന്ന് ദീദി പറഞ്ഞത് ഞാനങ്ങ മറന്നൂടാ..’
അവന്റെ കടവയറ്റില്‍ നോക്കി ഒരു ചവിട്ട് ചവിട്ടന്‍ തോന്നിയതാണ്. കാലു പൊന്തണ്ടേ..

കലേഷ്‌ കുമാര്‍ said...

രസകരം!
ഇത് വേറൊരു രീതിയില്‍ അവതരിപ്പിക്കാ‍മായിരുന്നു - ഒരു അത്യന്താധുനിക കഥ പോലെ!

മുരളി വാളൂര്‍ said...

എന്റെ പാച്ചൂ.... കലക്കിയല്ലോ ഭാംഗ്‌..... മഴപെയ്തത്‌ കൂട്ടുകാര്‍ കുടംകൊണ്ട്‌ തലയിലൊഴിച്ചതാണോ...!?

Marthyan said...

ട്രൈ ചെയ്യണം അളവിനനുസരിച്ച്‌....

വാവക്കാടന്‍ said...

പാച്ചൂ,
ഭാംഗടിച്ച പോലെയായി..
ഇനിയും ഭാംഗടിക്കുമ്പോള്‍ ഇതു പോലെ പൊസ്റ്റാനുള്ള സാധനങ്ങള്‍ കിട്ടും..

ഭാംഗടി തുടരൂ :))

പാച്ചു said...

ദയവു ചെയ്തു ആരും ഇതൊന്നും അടിയ്ക്കരുത്‌.ഇത്തരം ലഹരികളൊക്കെ നമ്മളെ കബളിപ്പിക്കുകയാണ്‌.

അതിന്റെ Bio chemistry ഓര്‍ത്തല്ല ഞാന്‍ ഇതു പറയുന്നത്‌.
അതു ശരീരതെ നശിപ്പിക്കും എന്നൊക്കെ കരുതി മാത്രം ഒഴിവാക്കുന്നത്‌ ബുദ്ധിയല്ല.

കാരണം,LSD എന്ന മയക്കുമരുന്ന് കണ്ടുപിടിച്ച സ്വിസ്‌chemist അത്‌ ആദ്യം പരീക്ഷിച്ചത്‌ സ്വന്തം ശരീരത്തിലാണ്‌.

എന്നിട്ടും തന്റെ 100-മത്തെ പിറന്നാല്‍ ആഘോഷവേളയില്‍ LSD ആണു തന്റെ ആരോഗ്യ രഹസ്യം എന്നു പുള്ളിക്കാരന്‍ അവകാശപ്പെട്ടു.

അത്‌ കൊണ്ട്‌ ലഹരി വസ്തുക്കളെ വെറുക്കെണ്ടതു ശരീരത്തെ അത്‌ നശിപ്പിക്കും എന്ന ഒരൊറ്റക്കാരണം കൊണ്ടാവരുത്‌.

മറിച്ച്‌,ജീവിതത്തില്‍ സ്വന്തമായിട്ടുള്ളത്‌ സത്യത്തില്‍ നമ്മുടെയൊക്കെ പ്രജ്ഞ മാത്രമല്ലെ.

ഇവകള്‍ നശിപ്പിക്കുന്നതും അതു തന്നെ.
എന്നെ നശിപ്പിക്കുന്ന എന്റെ ബോധത്തെ ഇല്ലാണ്ടാക്കുന്ന എല്ലാം മയക്കുമരുന്നുകളാണ്‌.

അതു മതമായലും കമ്മൂണിസം ആയാലും.!!!