Sunday, March 28, 2010

ഓർമ്മകളുടെ ശവപ്പെട്ടി

ആദ്യം വാങ്ങിയ സൈക്കിൾ...


അച്ഛനാദ്യം വാങ്ങിത്തന്ന വിലയേറിയ വസ്തു
വെളിച്ചെണ്ണയും മണ്ണെണ്ണയും സമാസമം ചേർത്തു തുടച്ച നാളുകൾ....


അപ്പുറത്തെ ചാവടി മുറിയിൽ തുരുമ്പു പിടിച്ചു കിടക്കുന്ന
അവനെ കാണുമ്പൊ എപ്പഴും ഓർക്കുമായിരുന്നു
നന്നാക്കണം...വീണ്ടുമോടിക്കണം...


പിന്നീടെപ്പഴൊ അവധിയ്ക്കു നാട്ടിൽ വന്നപ്പൊ അമ്മ പറഞ്ഞു...


തകര വിലയ്ക്കതു വിറ്റു...
250 രൂപയ്ക്ക്‌!!....


ദുഃഖമോ ദേഷ്യമോ തോന്നിയില്ല...
ഒപ്പം സന്തോഷവും..!!!


250 രൂപ...എന്റെ ഓർമ്മകളുടെ ശവപ്പെട്ടിയ്ക്ക്‌!!....

Tuesday, June 02, 2009

കാലന്റെ വിളി

അയാൾ സമയം നോക്കി....മണി 11:00 pm.

രാവിലേ തന്നെ EOD സായിപ്പിനു കിട്ടിയില്ലേൽ അലമ്പാണ്‌...

പോരാത്തതിനു recession ടയിമും...

EOD ധ്രുതിയിൽ തയ്യാറാക്കി മെയിൽ ചെയ്ത്‌ വീട്ടിലെത്തുമ്പോളെയ്ക്കും സമയം 11:30 കഴിഞ്ഞു.

********************* *********
കതകു തുറന്ന ഭാര്യയുടെ മുഖത്തു നിന്നു അനിഷ്ടം വായിച്ചറിയാം.

കാണാത്ത ഭാവത്തിൽ അകത്ത്‌ കയറി...

മുറിയിൽ മകൻ തളർന്നുറങ്ങുന്നതു കണ്ടു...
പാവം അച്ഛനെ കണ്ടിട്ടു 2 ദിവസമായിക്കാണും.

"നമുക്ക്‌ കുറച്ചു ദിവസത്തേയ്ക്കു നാട്ടിലേയ്ക്കു പോവാം...നിന്റെ അച്ഛനും വയ്യാതെ ഇരിക്കുകയല്ലേ....എനിക്കും മടുത്തു.......രണ്ടിടത്തും പോവാം..അവനും ഒരു റിലീഫ്‌ ആവും..."

കഴിക്കുമ്പൊ ഭാര്യയുടെ മുഖത്തു നോക്കാതെയാണു പറഞ്ഞത്‌....

പ്രതീക്ഷിച്ചതു പോലെ തന്നെ ഒരു പുച്ഛച്ചിരിയാണു കിട്ടിയത്‌...
അവൾക്കറിയാം ഞാനിത്‌ പറയാൻ തുടങ്ങിയിട്ടു നാളൊരുപാടായെന്ന്‌.

************************* ***

രാവിലെ ഓഫിസിലേയ്ക്കുള്ള യാത്രക്കിടയിൽ അയാൾ ചിന്തിയ്ക്കുകയായിരുന്നു....

പഠനം കഴിഞ്ഞ സമയത്ത്‌ കൂട്ടുകാരൊന്നിച്ചു ജോലി തെണ്ടി നടന്ന സമയങ്ങൾ....

ശമ്പളമില്ലാതെ വെറും എക്സ്പീരിയൻസ്സിനു വേണ്ടി ചെറിയ കമ്പനികളിൽ ജോലി നോക്കിയത്‌...

കാശു തികയാതെ ഒരു പഴം രണ്ടായി പകുത്തു കഴിച്ചത്‌....
ആദ്യമായി 1500 രൂപ ശമ്പളം കിട്ടിയപ്പൊ കൂട്ടുകാർക്കു പാർട്ടി കൊടുത്തത്‌...
രാത്രിയിൽ തട്ടു കടയിൽ കൂട്ടുകാരുമൊന്നിച്ചു കപ്പയും മീൻ കറിയും കഴിച്ചത്‌....

ഒടുവിൽ ഒരൊരുത്തരായി പിരിഞ്ഞത്‌...
അവരൊക്കെ ഇപ്പൊ എവിടെയാണ്‌....
വിവാഹം കഴിഞ്ഞു പലരും ഭാര്യയും കുട്ടികളുമൊത്ത്‌ വിദേശ രാജ്യങ്ങളിൽ...

വല്ലപ്പോഴും മറുപടിയ്ക്കു കാക്കാത്ത മെയിൽ ഫോർവേർഡുകളിൽ ആ ബന്ധം അവസാനിച്ചിരിയ്ക്കുന്നു!...

ജോലിത്തിരക്കു കാരണം പലതും തുറക്കാറും കൂടിയില്ല....

ആ സമയങ്ങൾ എന്നന്നേയ്ക്കുമായി തനിക്കു നഷ്ടപ്പെട്ടിരിക്കുന്നു...
അയാൾക്കുള്ളിൽ വല്ലാത്ത നഷ്ടബോധം തോന്നി...

അന്നയാൾ ഓഫിസ്സിനു മുൻപിലുള്ള സ്റ്റോപ്പിൽ ഇറങ്ങി..."അബ്ബേ തു കിതർ ഉതർ രഹാ ഹെ.?"
അപ്പുറത്തെ ടീമിലെ പഞ്ചാബിയുടെ ചോദ്യത്തിനു വെറുതെ ചിരിക്കുക മാത്രം ചെയ്തു..

ആ കവലയിലെ തട്ടുകടയിൽ നിന്നും ഒരു സിഗരറ്റു കത്തിച്ചു വളരെ സാവധാനമാണു ഓഫിസ്സിലേയ്ക്കു നടന്നത്‌... recession ആയതു കൊണ്ടു എല്ലാവരും വേഗം നടക്കുകയാണ്‌...
അയാൾ വളരെ സാവധാനം നടന്നു കാബിനിലെ ഡെസ്കിൽ ബാഗു വച്ചു...

കമ്പ്യുട്ടറിൽ ലോഗിൻ ചെയ്യാൻ തുടങ്ങുമ്പൊളാണു ഫോൺ വന്നത്‌.."ഈസ്‌ ഇറ്റ്‌ Mr.Mohan?..Can u please come to HR's Room on 2nd floor?.."

കാലന്റെ വിളി!......
അയാൾക്കു ചിരിയാണു വന്നത്‌...

ക്യാബിനിലെ ഭിത്തിയിൽ ഒട്ടിച്ചു വച്ചിരിക്കുന്ന ചില കടലാസ്സുകളിലേയ്ക്കാണയാൾ ആദ്യം നോക്കിയത്‌..


Best new Comer Award to Mr.MOHAN , Best Employee Award-2009 to MOHAN

അതെല്ലാം പറിച്ചെടുത്തു ചവറ്റു കുട്ടയിലേക്കെറിയുമ്പൊൾ അയാൾ പിറു പിറുത്തു "അവന്റമ്മേടെ..."

************************* ************

കതകു തുറന്നപ്പോൾ പതിവിലും നേരത്തെ എത്തിയതിൽ ഭാര്യയുടെ കണ്ണുകളിൽ അമ്പരപ്പ്‌....


അയാളവളുടെ ചുമലിൽ പിടിച്ചു കൊണ്ടു സന്തോഷത്തോടെ പറഞ്ഞു...

" നമ്മൾ പോവുന്നൂ നാട്ടിൽ
...........നാളെത്തന്നെ"


- സനൽ വി. നായർ

Sunday, November 04, 2007

പ്രവാസി

പിറന്ന മണ്ണും വളര്‍ന്ന തൊടിയുമറ്റ്‌
കരളില്‍ ആത്മനോവുമായ്‌,

മരുക്കാറ്റില്‍ വേച്ചും
മദയോട്ടത്തില്‍ കിതച്ചും

അന്യന്റെ നാട്ടിലെയൈശ്വര്യദേവിയ്ക്കു
നിറമാല ചാര്‍ത്തുവാന്‍ ചുക്കാന്‍ പിടിച്ചവര്‍

‍വേവും മരുക്കാറ്റിന്‍ വേദനയ്ക്കൊപ്പവും
പാടും നിളയുടെ സംഗീതം കാത്തവര്‍

‍ജീവദുഖത്തിന്നഗാധമാം കൊക്കയില്‍
സര്‍വ്വ പാപങ്ങളും കുരുതി കൊടുത്തവര്‍

‍ജന്മ ജന്മാന്തരമപ്പുറത്തെങ്കിലും
സൈന്ധവപ്പൊരുളിന്നുറവ കണ്ടെത്തിയോര്‍

Tuesday, September 18, 2007

ഒരല്‍പ്പം ജീവിതം?

എന്താണു ജീവിതം?
എങ്ങോട്ടേയ്കാണു നാം നീങ്ങുന്നത്‌.?
എന്താണ്‌ നമ്മുടെ ജീവിത ലക്ഷ്യം.?
ഒരു ജോലി...ഒരു 2 wheeler,നല്ല ഒരു പെണ്‍കുട്ടി,വലിയൊരു വീട്‌..ഇതിനൊക്കെ അപ്പുറം ഒരു ജീവിതം ഇല്ലെ.

മറ്റൊരു ലോകം...
ഈ അഭിനയങ്ങള്‍ക്കും ഈ കാട്ടിക്കൂട്ടലുകള്‍ക്കും അപ്പുറം..?
മറ്റുള്ളവര്‍ നമ്മുടെ ആരാണ്‌.?
നമ്മെ സംബന്ധിച്ച്‌ അവര്‍ എത്രത്തോളം പ്രധാനപ്പെട്ടതാണ്‌.?
സ്വന്തം കാര്യം നടത്തുവാനുള്ള വെറുമൊരു tool എന്നതിനുമുപരി അവര്‍ എത്രത്തോളം നമ്മുടെതാണ്‌.?

ഇത്തരം ചോദ്യങ്ങള്‍ എന്നും എന്റെ ഉള്ളിലുണ്ട്‌...
നിത്യ ജീവിത പ്രശ്നങ്ങളില്‍പ്പെട്ടുഴറുമ്പൊഴും ഉള്ളിലുള്ളില്‍ ഈ ചോദ്യം പരിഹരിക്കാനാവാഞ്ഞ പ്രശ്നമായി, കണ്ണില്‍ നിന്നുമെടുത്തുമാറ്റാന്‍ കഴിയാഞ്ഞൊരു കരടായി നില നില്‍ക്കുന്നു.!!

ഓരോ തവണയും കല്യാണാലോചനകളുമായി ആരെങ്കിലുമൊക്കെ വരുമ്പോള്‍ ഞാന്‍ ഈ ചോദ്യം സ്വയം ചോദിയ്ക്കും....
വീണ്ടും നിസ്സഹായനായി ഞാനിതാ നിത്യ ജീവിതപ്രശ്നങ്ങളില്‍ ഉഴറാന്‍ പോകുന്നു.!
വയ്യ..ഇനി വയ്യ..
ജീവിതം മുഴുവന്‍ അഡ്ജസ്റ്റുമെന്റുകളും അസ്വാതന്ത്ര്യവുമൊക്കെയായി...
ഇത്രയും നാളും ഇതു തന്നെയായിരുന്നില്ലേ....
ആസ്വദിച്ചൊന്നു കളിച്ചിട്ടില്ല...
ആസ്വദിച്ചൊന്നു മഴയത്തു നടന്നിട്ടില്ല.
ഒരാളെയും പ്രേമിച്ചിട്ടില്ല...
എന്തിന്‌...രണ്ടും കല്‍പ്പിച്ചാരോടും വഴക്കിട്ടിട്ടും കൂടിയില്ല.!

എന്നും നിയന്ത്രണങ്ങളായിരുന്നു.എന്നും എന്തെങ്കിലുമൊക്കെ പ്രശ്നങ്ങള്‍.?!
ഒന്നുകില്‍ നാളെ ക്ലാസ്സു കാണും...പിന്നെങ്ങനെ ആസ്വദിച്ചൊന്നു കളിയ്ക്കും...
മഴ നനഞ്ഞാല്‍ പനി വരും എന്നാണു നാട്ടു നടപ്പ്‌.
വൈകുന്നേരം ഒന്നു പുറത്തേയ്ക്കിറങ്ങിയാല്‍ സമാധാനമില്ല...
7-നു മുന്‍പു വീട്ടിലെത്തണം...അല്ലെങ്കില്‍ വീട്ടുകാര്‍ ഭയപ്പെടും.?!

നിലാവുള്ള രാത്രിയില്‍ മലര്‍ന്നു കിടന്ന് ഈ നക്ഷത്രങ്ങളെയും നോക്കി കിടക്കുവാനുള്ള സ്വാതന്ത്ര്യം കൂടിയില്ല നമുക്കൊന്നും.
introvert- എന്നൊക്കെയുള്ള വിളിപ്പേരുകളാണ്‌ പിന്നെ...
വട്ടന്‍ തുടങ്ങിയ നാടന്‍ പ്രയോഗങ്ങളും പ്രതീക്ഷിയ്ക്കാം...
ഓ.....പിന്നെ ഇവരൊക്കെ കാണിച്ചു കൂട്ടുന്നതൊക്കെ ഭയങ്കരമല്ലേ...വന്നിരിക്കുന്നു കൊറെ ബുദ്ധിമാന്മാര്‍.!!

പിന്നെ മറ്റൊന്നുണ്ട്‌...ഓരോ തവണയും ഞാന്‍ ഒറ്റയ്ക്കാവാന്‍ തീരുമാനിയ്ക്കുമ്പോഴും ജീവിതം അകന്നകന്നു പോകുന്നതു പോലെ തോന്നുന്നു.
രസകരമായ ഒരു സംഗതി എനിക്കതില്‍ ഒട്ടും സങ്കടമില്ല എന്നതാണ്‌.!
ഞാന്‍ ഒരു ഓരത്തിരിക്കുന്നു...ജീവിതം ഒരു നദിയായി അകന്നകന്നു പോകുന്നു.

അവിടെയിരുന്നാല്‍ എനിക്കെല്ലാം കാണാം.
ഒരുമിച്ചൊരു ബെഞ്ചിലിരുന്നു പഠിച്ചവര്‍ ഭര്‍ത്താവാകുന്നു, ഭാര്യയാവുന്നു,അച്ഛനാവുന്നു....അമ്മയാവുന്നു...
ജീവിതത്തിന്റെ നെരിപ്പോടുകള്‍ അനുഭവിയ്ക്കുന്നു...എന്തിനെന്നു പോലും അറിയാതെ അവരും ജീവിത നദിയിലൂടെ ഒഴുകി ഒഴുകി കണ്ണില്‍ നിന്നും മറയുന്നു.

അവരിലാരൊക്കെയോ എന്നെ കൂടെപ്പോവാന്‍ വിളിയ്ക്കുന്നുണ്ട്‌.ചിലര്‍ ഭയപ്പെടുത്തുന്നുണ്ട്‌.
ഞാന്‍ നിസ്സംഗത പാലിച്ചു കൊണ്ടവിടെത്തന്നെയിരിക്കുന്നു.
ഓര്‍മ്മകളെ താലോലിച്ചും കൊണ്ട്‌.!

തിരക്കു പിടിച്ച Mumbai ലോക്കല്‍ ട്രെയിനിലോ ബസ്സിലോ കയറുമ്പോള്‍.....
ഒരു നിമിഷം... ഒരേ ഒരു നിമിഷം...
ഈ തിരക്കിനിടയ്ക്ക്‌ ഒന്നു നില്‍ക്കുക...
ഭ്രാന്തന്മാരെപ്പോലെ എവിടെയ്ക്കോ പാഞ്ഞു പോകുന്ന ഈ മനുഷ്യ സമുദ്രത്തെ ഒന്നു ശ്രദ്ധിയ്ക്കുക....

ചിലപ്പോള്‍ ചിരി വരും.....
പണ്ടു മുത്തശ്ശി പറഞ്ഞു തന്ന നാറാണത്തു ഭ്രാന്തന്റെ കഥ ഓര്‍ക്കും...
ദിവസം മുഴുവന്‍ കഷ്ടപ്പെട്ട്‌ ഒരു കല്ല് കുന്നിന്റെ മുകളില്‍ കയറ്റുന്നു.....ഒടുവില്‍ അത്‌ താഴെയ്ക്കു തള്ളിയിട്ട്‌ സ്വയം ചിരിയ്ക്കുന്ന നാറാണത്തു ഭ്രാന്തന്‍.!!

നമ്മള്‍ ചെയ്യുന്നതും എതാണ്ടു അത്‌ തന്നെയല്ലേ...
ഒറ്റ വ്യത്യാസം മാത്രം...
നാറാണത്തു ഭ്രാന്തന്‍ അറിഞ്ഞു കൊണ്ടതു ചെയ്തു...നാം അറിയാതെ ഒരു ജന്മം മുഴുവന്‍ പാഴാക്കുന്നു.
അത്ര മാത്രം..

ഇന്നീ ഉത്രാട രാത്രിയില്‍, നേരിയ മഞ്ഞിന്റെ തണുപ്പില്‍, നിലാവത്ത്‌ ആകാശത്തു നോക്കി മലര്‍ന്നു കിടക്കവെ എനിയ്ക്കു മനസ്സിലായി അവര്‍ക്കു നഷ്ടപ്പെടുന്നതെന്തെന്ന്.

ഇതാ....ഇവിടെ... ഈ നിമിഷം.!!






Sunday, November 26, 2006

ഒരു പിറന്നാളിന്റെ ഓര്‍മ്മയ്ക്ക്‌.


ഉണര്‍ന്നപ്പോള്‍ അയാള്‍ സമയം നോക്കി.
10 മണി കഴിഞ്ഞിരിക്കുന്നു.

കിടക്കയില്‍ ആ കിടപ്പ്‌ കുറച്ചു നേരം കൂടി തുടരും..
അതു പണ്ടു മുതല്‍ക്കേയുള്ള ശീലമാണ്‌.
ആ കിടപ്പിലയാള്‍ പലതും ചിന്തിക്കും..പലതും കാണും....

അപ്പോഴാണ്‌ പെട്ടെന്ന്, തലേന്ന്‌ അമ്മ വിളിച്ചപ്പൊള്‍ പറഞ്ഞതോര്‍ത്തത്‌.
"അവിടെ അടുത്തു വല്ല അമ്പലവുമുണ്ടോ.?ഉണ്ടെങ്കില്‍ രാവിലെയൊന്നു പോണം...
നാളെ നിന്റെ പിറന്നാളാണ്‌."

"പിറന്നാള്‍..!!"

ഇന്നേയ്ക്കിതെത്രാമത്തെയാണ്‌.?
29-ഓ അതോ 30-ഓ.?

ഇന്നേ വരെ ആഘോഷിക്കാത്ത ഒരു സാധനമാണത്‌.
ആഘോഷിക്കാന്‍ കൊതിച്ചിരുന്ന നാളുകളുണ്ട്‌.അന്നാരും ശ്രദ്ധിച്ചിട്ടില്ല.

ഹോസ്റ്റലില്‍ പഠിയ്ക്കുന്ന കാലത്ത്‌ മറ്റു കുട്ടികള്‍ ബര്‍ത്ത്ഡേ ആഘോഷിയ്ക്കുമ്പൊള്‍ അവരെ പുച്ഛിച്ചിട്ടുണ്ട്‌."നമ്മുടേതായ യാതൊരു contribution-ഇല്ലാത്ത ഒരു സംഗതി..അതിലിത്ര ആഘോഷിക്കാനെന്തിരിക്കുന്നു.Every fool had a Day called as a Birth Day.."

പറയുമ്പൊ കൂട്ടുകാര്‍ കളിയാക്കും..
"പ്രാന്തന്‍.."

അയാള്‍ പതിയെ എഴുന്നേറ്റു.
ആയിരം കിലോമീറ്ററുകള്‍ക്കപ്പുറത്തു നിന്നും അമ്മ ഇതെല്ലാം കണക്കു കൂട്ടി വെയ്ക്കുന്നു.
ഏതാണ്‌ തന്റെ നാള്‌.? ഉത്രമോ ഉത്രാടമോ.?അയാളോര്‍ക്കാന്‍ ശ്രമിച്ചു.
ഏതായാലെന്ത്‌.?

തലേന്നു കുടിച്ച മദ്യക്കുപ്പി കിടയ്കക്കരികില്‍ത്തന്നെയുണ്ട്‌.സിഗരറ്റ്‌ കുറ്റികള്‍ തറയില്‍ ചിതറിക്കിടക്കുന്നു.....

നാശം...ഇനി ആ ഹിന്ദിക്കാരി വയസ്സിത്തള്ള വരണം ഇതൊക്കെയൊന്നു തൂത്തുവാരാന്‍.
കിടക്കയുടെയും വിരിപ്പിന്റെയും പരുവം കണ്ടിട്ട്‌ അയാള്‍ക്കറപ്പു തോന്നി...
ദൈവമേ..ഇതേലാണല്ലൊ താനിന്നലെ ,അല്ല കഴിഞ്ഞ കുറച്ചു നാളുകളായി കിടക്കുന്നത്‌.അത്തരം സന്ദര്‍ഭങ്ങളിലാണ്‌ വെറുതെയെങ്കിലും ഒരിണയെക്കുറിച്ചാലോചിക്കുക.

ഓരോ തവണ വിളിക്കുമ്പൊഴും അമ്മ ഓര്‍മ്മിപ്പിക്കും..
"നിന്റെ കൂടെപ്പഠിച്ച മനോജിന്റെ കല്യാണമാണ്‌.നിന്റെ അഡ്രസ്‌ എന്റെ കൈയ്യില്‍ നിന്നും വാങ്ങിയിരുന്നു.
ഉവ്വ്‌..അവന്റെ മെയില്‍ ഉണ്ടായിരുന്നു. 5 ലക്ഷവും കാറും തരപ്പെട്ട കഥകളടക്കം.

"ഇവിടെ ദല്ലാളന്മാര്‍ എന്നും വരുന്നുണ്ട്‌..നിന്റെ നല്ല ഒരു ഫോട്ടോ കൂടിയില്ല ഒന്നു കൊടുക്കാന്‍.ഒരെണ്ണം അയച്ചു തരൂ.ഞാനാലോചിക്കാന്‍ പോവുകയാ.."

അമ്മ വെറുതെ ഒറ്റയ്കാ വീട്ടില്‍ നില്‍ക്കണ്ടാന്നു പറഞ്ഞിട്ടൊന്നും ഒരു കാര്യവുമില്ല.
അവര്‍ വരില്ല.

അച്ഛന്റെ അസ്ഥിത്തറയും തറവാടിന്റെ അവസ്ഥയും, ചാവടിയുടെ ഒരു വശം കഴിഞ്ഞ മഴയ്ക്കു പൊളിഞ്ഞ കാര്യവുമൊക്കെയാവും മറുപടി.

"ഞാനും കൂടി ഇവുടുന്നു പൊയാല്‍പ്പിന്നെ...ന്താവും സ്ഥിതി.?"

"ഇനിയാപ്പഴയ വീടിനു വേണ്ടിക്കളയാന്‍ എന്റെ കൈയ്യില്‍ പൈസയൊന്നുമില്ല"..
ചിലപ്പൊള്‍ രോഷം കൊള്ളാറുണ്ട്‌.പാവം..പിന്നെ ഒരക്ഷരം ഇരിയാടില്ല.

പക്ഷെ ബാങ്കില്‍ ചെന്നു DD-യില്‍ അമ്മയുടെ പേരെഴുതുമ്പൊ തിരിച്ചറിയും..
"ഇല്ല...ഈ ജന്മം ഈ സ്ത്രീയൊട്‌ ജയിയ്കാന്‍ എനിക്കാവില്ല.."ഒരു കമ്പൂട്ടര്‍ വാങ്ങാന്‍ വെച്ചിരുന്ന പണമാണ്‌..ആ പോട്ടെ..


അയാള്‍..വേഗം കുളിച്ചു വസ്ത്രം മാറി.ഇവിടെയടുത്തെവിടെയൊ ഒരയ്യപ്പന്റെ അമ്പലമുണ്ടെന്നു കേട്ടിട്ടുണ്ട്‌..തിരക്കിച്ചെന്നപ്പോള്‍ അയാള്‍ അദ്ഭുതപ്പെട്ടു പോയി.
കാരണം പോവുന്ന വഴി അയാള്‍ക്കു പരിചിതമാണ്‌. അത്‌ SUNNY BAR-ലേയ്ക്കുള്ള വഴിയാണ്‌....
അവിടം വരെക്കൊണ്ട്‌ തന്റെ ലോകം അവസാനിക്കുകയായിരുന്നു...ഇതു വരെ...

അതും കഴിഞ്ഞ്‌ അല്‍പം കൂടി നടന്നാല്‍ അമ്പലമായി.ദൈവമേ..ഇത്ര അടുത്തായിരുന്നുവോ..?

അമ്മ പറഞ്ഞതു പോലെ 2 എള്ളുതിരി കത്തിച്ചു..


ശനിയുടെ അപഹാരമുണ്ടത്രെ.....
ശനിയല്ല...
ആ പുതിയ ബോസ്സ്‌, ആ നശിച്ച ബംഗാളിയാണ്‌..
അതമ്മയ്ക്കറിയില്ലല്ലോ..

ചന്ദനക്കുറിയും തൊട്ട്‌ തിരികെ വരുമ്പോള്‍ ബാറിന്റെ ബോര്‍ഡ്‌ അയാളെ നോക്കിപ്പുഞ്ചിരിച്ചു.
********* ************** ***********
ബാറിലെ മങ്ങിയ വെട്ടത്തില്‍,പതഞ്ഞു പൊങ്ങുന്ന ബിയറിന്റെ മുന്‍പിലിരുന്നപ്പോള്‍....അകാരണമായി അമ്മ അയാളുടെ മനസ്സിലേയ്ക്കെത്തി..

നിറച്ചു വച്ച ഗ്ലാസ്സ്‌ കൈ കൊണ്ടെടുക്കാനാവാതെഅയാള്‍ പിറു പിറുത്തു..

"ഇന്നെന്റെ പിറന്നാളാണ്‌.?!"